Newsathouse

ചോദിച്ചത് വെള്ളം, കുടിപ്പിച്ചത് മൂത്രം; കർണാടകയിൽ ദളിത് യുവാവിനെ സബ് ഇൻസ്പെക്ടർ മൂത്രം കുടിപ്പിച്ചതായി പരാതി

കർണാടക: ചിക്കമഗളൂരുവിൽ പോലീസ് സ്റ്റേഷനിൽ ദളിത് യുവാവിനെ സബ് ഇൻസ്പെക്ടർ മൂത്രം കുടിപ്പിച്ചതായി പരാതി.

മേയ് പത്തിന് അറസ്റ്റിലായ കെ.എൽ. പുനീത് (22) ആണ് തന്നെ ഗൊണിബീഡു പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ അർജുൻ മൂത്രം കുടിപ്പിച്ചതായി പരാതി ഉന്നയിച്ചത്.

സബ് ഇൻസ്പെക്ടർക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് പുനീത് ഉദ്യോഗസ്ഥർക്ക് കത്തെഴുതി. പ്രദേശത്തെ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കിയെന്ന പരാതിയെ തുടർന്നായിരുന്നു പുനീതിനെ കസ്റ്റഡിയിലെടുത്തത്.

ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ഏറെ നേരം മർദിച്ചു. ഇതിനിടെ വെള്ളം ചോദിച്ചപ്പോൾ സബ് ഇൻസ്പെക്ടർ അർജുൻ നിഷേധിക്കുകയും ലോക്കപ്പിലുണ്ടായിരുന്ന മറ്റൊരു പ്രതിയോട് പുനീതിന്റെ ദേഹത്ത് മൂത്രം ഒഴിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

പ്രതി മൂത്രം ഒഴിക്കാൻ തയ്യാറായില്ലെങ്കിലും പോലീസ് ഭീഷണിപ്പെടുത്തിയതോടെ അനുസരിച്ചു. തറയിൽ വീണ മൂത്രം പുനീതിനെക്കൊണ്ട് കുടിപ്പിച്ചുവെന്നും പരാതിയിൽ പറഞ്ഞു.

ചോദ്യം ചെയ്യലിന് ശേഷം രാത്രി പത്തരയോടെ പുനീതിനെ വിട്ടയക്കുകയായിരുന്നു. യുവാവിന്റെ പരാതിയിൽ സബ്ബ് ഇൻസ്പെക്ടറുടെപേരിൽ കേസെടുത്തു.

സംഭവത്തിൽ ചിക്കമഗളൂരു എസ്.പി. അക്ഷയ് ഹാകെ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തെത്തുടർന്ന് സബ് ഇൻസ്പെക്ടറെ സ്ഥലം മാറ്റിയെന്നും വകുപ്പുതല അന്വേഷണത്തിന് ശേഷം മറ്റു നടപടികൾ സ്വീകരിക്കുമെന്നും എസ്.പി. അറിയിച്ചു.

Exit mobile version