Newsathouse

കൂടത്തില്‍ കൂട്ടമരണം: വ്യാജ രേഖ ചമച്ച് ട്രസ്റ്റുകളുടെ പേരില്‍ ഭൂമി കയ്യടക്കി; കേന്ദ്രമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന് നേരെയും അന്വേഷണം

കൂടത്തില്‍ കൂട്ടമരണക്കേസിലെ ദുരൂഹത അന്വേഷിക്കുന്ന പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കൂടത്തില്‍ കുടുംബത്തിന്റെ ഭൂമികള്‍ വ്യാജ രേഖ ചമച്ച് ട്രസ്റ്റുകളുടെ പേരിലേക്ക് മാറ്റിയതിന്റെ ചുരുളുകള്‍ അഴിക്കുമ്പോള്‍ കേന്ദ്രമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം പ്രതിക്കൂട്ടിലായതാണ് പോലീസിനെ കുഴപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ അന്വഷണം കേന്ദ്രമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

വ്യാജ രേഖ ചമച്ച് സ്വകാര്യ ട്രസ്റ്റുകളുടെ പേരില്‍ ഭൂമി കയ്യടക്കിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിനെ തുടര്‍ന്ന് കൂടത്തില്‍ കുടുംബത്തിന്റെ ഭൂമി കൈമാറ്റത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അതേ സമയം കേസന്വേഷണം കേന്ദ്രമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് അന്വഷണം നീങ്ങുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പേഴ്‌സണല്‍ സ്റ്റാഫംഗത്തിന് ഇതില്‍ പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

കാലടി മഹിളാ സമാജത്തിന് കൂടത്തില്‍ ഗോപിനാഥന്‍ നായര്‍ നല്‍കിയ 4 സെന്റ് ഭൂമി സനോദ് കുമാര്‍ സെക്രട്ടറിയായ ചെറുപഴിഞ്ഞിദേവി സേവാ സൊസൈറ്റിയുടെ പേരിലേക്ക് മാറ്റുകയായിരുന്നു. മഹിളാസമാജത്തിന്റെ ആവശ്യത്തിനല്ലാതെ സ്ഥലം ഉപയോഗിക്കരുത് എന്ന് നിഷ്‌ക്കര്‍ഷിച്ച ഭൂമിയാണ് കേന്ദ്രമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം സെക്രട്ടറിയായ സംഘം കൈവശപ്പെടുത്തിയത്. കൂടത്തിലെ കാര്യസ്ഥന്‍ കൈവശപ്പെടുത്തിയ മറ്റൊരു ഭൂമി കേന്ദ്രമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ പത്മനാഭ സേവാ സമിതി വാങ്ങിയതിലും ദുരൂഹതയുണ്ടെന്നാണ് സൂചന.

പത്മനാഭസേവാസമിതിയുടെ വിലാസം ആര്‍ എസ് എസ് ഓഫീസായ മിത്രാനന്ദപുരം ശക്തി നിവാസ് കാലടി താമരം എന്ന സ്ഥലത്ത് കൂടത്തില്‍ കുടുംബത്തിന് ഉണ്ടായ 50 സെന്റ് സ്ഥലം ആര്‍ എസ് എസിന് നല്‍കിയെന്നും സൂചനയുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ കൂടത്തില്‍ കുടുംബാംഗങ്ങളുടെ കൂട്ടമരണത്തിനു പിന്നില്‍ ഭൂമി കൈമാറ്റങ്ങളും ഉണ്ടോ എന്ന് പരിശോധിക്കുകയാണ് പോലീസ്. കരമന കാലടിയിലെ കൂടത്തില്‍ കുടുംബാംഗങ്ങളായ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖി അമ്മ, മക്കളായ ജയപാലന്‍, ജയശ്രീ, ജയപ്രകാശന്‍, ഗോപിനാഥന്‍ നായരുടെ സഹോദര പുത്രന്‍ ജയമാധവന്‍ നായര്‍ എന്നിവരാണ് മരിച്ചത്‌

Exit mobile version