Newsathouse

അച്ഛനെന്ന് ഞാനൊരാളെയേ വിളിച്ചുള്ളൂ; ബിജെപിയില്‍ പോകില്ല; ദേശാഭിമാനിക്ക് ദുരുദ്ദേശ്യം; സീറ്റുകിട്ടിയില്ലെങ്കിലും കോണ്‍ഗ്രസ്സില്‍ തുടരുമെന്ന് പ്രയാര്‍

ചടയമംഗലം സീറ്റ് ലഭിച്ചില്ലെങ്കില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ബിജെപിയിലേക്ക് പോയേക്കുമെന്ന തരത്തില്‍ വന്ന ദേശാഭിമാനി വാര്‍ത്ത നിഷേധിച്ചുകൊണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തന്നെ രംഗത്തെത്തി. താന്‍ ശബരിമല വിധിയുടെ പേരില്‍ കൈക്കൊണ്ട നിലപാടിനെതിരായി ചിലര്‍ അന്നേ തനിക്കെതിരെ പ്രചാരണം തുടങ്ങിയിരുന്നുവെന്നും. അതിന്റെ തുടര്‍ച്ചയാണിതെന്നും പ്രയാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അതേസയമം ശബരിമലയ്ക്ക് വേണ്ടി ഏതറ്റംവരെയും പോകാന്‍ തയാറാണ്. എന്നും അദ്ദേഹം പറയുന്നു

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായി ചര്‍ച്ച നടത്തിയെന്ന ആരോപണം പക്ഷേ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിഷേധിക്കാന്‍ അദ്ദേഹം തയാറായിട്ടുമില്ല. പ്രയാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് താഴെ

പ്രിയപ്പെട്ടവരെ,

ഞാൻ ആർഎസ്എസുമായി ചർച്ച നടത്തിയെന്നും ചടയമംഗലത്ത് സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ ബിജെപിയിലേക്ക് പോകുമെന്നുമുള്ള തരത്തിൽ രാവിലെ മുതൽ ഒരു പത്രത്തിലും ചാനലിലും വാർത്ത പ്രചരിക്കുന്നുണ്ട്. ആ പത്രമാധ്യമവും അതിൻ്റെ ഉദ്ദേശ ലക്ഷ്യങ്ങളും കേരള ജനതയ്ക്ക് മുഴുവൻ അറിയാവുന്നതാണ്. അതിനെക്കുറിച്ച് കൂടുതൽ പറയുന്നില്ല, നിയമപരമായി നേരിടാനാണ് എൻ്റെ തീരുമാനം.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആയിരിക്കെ തന്നെ സർക്കാർ നിലപാടുകൾക്കെതിരെ നിന്ന്, ശബരിമലയിലെ ആചാരനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിന് പോരാടിയ എന്നെ താറടിച്ചു കാട്ടാനും മറ്റ് പലതും ആക്കാനും മേൽപ്പറഞ്ഞ മാധ്യമങ്ങളും സൈബർ സഖാക്കളും അശ്രാന്തം പരിശ്രമിച്ചിട്ടുണ്ട്.എനിക്ക് പറയാനുള്ളത് എന്നെ സ്നേഹിക്കുന്ന എൻ്റെ പ്രിയപ്പെട്ടവരോട് ആണ്.എന്നെ ഞാനാക്കിയത് എൻ്റെ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. എൻ്റെ ഔദ്യോഗിക ജീവിതത്തിൽ ഞാൻ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അത് ഈ പാർട്ടി നൽകിയ തണലിൽ നിന്നാണ്.

സ്ഥാനമാനങ്ങൾ ലഭിച്ചാലും ഇല്ലെങ്കിലും അവസാനശ്വാസം വരെ ഞാൻ കോൺഗ്രസുകാരനായിരിക്കും. ചടയമംഗലത്ത് നിയമസഭാ സീറ്റ് ആവശ്യപ്പെട്ടു എന്നത് വാസ്തവമാണ്. എന്നാൽ അത് ലഭിച്ചില്ലെങ്കിൽ ബിജെപിയിലേക്ക് പോകാൻ എന്നെ കിട്ടില്ല. ഞാൻ മുൻപ് പറഞ്ഞതുപോലെ “അച്ഛനെന്ന് ഒരാളെയേ ഞാൻ വിളിച്ചിട്ടുള്ളു”കണ്ണിൽ കാണുന്നവരെയൊക്കെ കാര്യസാധ്യത്തിന് വേണ്ടി അച്ഛാ എന്ന് വിളിക്കാൻ ഞാനില്ല.സീറ്റിനും പദവിക്കും വേണ്ടി പ്രസ്ഥാനത്തെ വഞ്ചിച്ച് അങ്ങനെയൊക്കെ ചെയ്യുന്നവരുണ്ടാവാം…ഞാൻ മരണം വരെ ഉറച്ച കോൺഗ്രസ്സുകാരനായി തുടരും..ഭക്തരെ എല്ലാം ബിജെപി ആക്കി കേരളത്തിൽ ബിജെപിക്ക് ശക്തിപകരാൻ ആത്മാർത്ഥമായി ശ്രമിക്കുന്ന പാർട്ടി സിപിഎമ്മാണ്. നിങ്ങൾ ആ റിക്രൂട്ട്മെൻറ് തുടർന്നോളൂ..ഞാൻ കോൺഗ്രസുകാരനായി ഭക്തർക്കൊപ്പം എന്നുമുണ്ടാകും.

സ്നേഹത്തോടെ,പ്രയാർ ഗോപാലകൃഷ്ണൻ

Exit mobile version