Newsathouse

പത്മനാഭസ്വാമിക്ഷേത്രപരിസരവും കനകക്കുന്നും മ്യൂസിയവും സെക്രട്ടേറിയേറ്റ് മന്ദിരവും പാതിരാത്രിയിലും ദീപപ്രഭയില്‍; ഇത് സിഡ്‌നി ഓപ്പറ ഹൗസ് അല്ല, നമ്മുടെ തിരുവനന്തപുരം; രാത്രിയില്‍ കാണാന്‍ എന്തുഭംഗി

തിരുവനന്തപുരം നഗരം ഇനി രാത്രിയിലും മിന്നിത്തിളങ്ങും. സംസ്ഥാന ടൂറിസം വകുപ്പിന്റെ തിരുവിതാംകൂര്‍ ഹെറിറ്റേജ് ടൂറിസം പദ്ധതിയുടെ ഭാഗമായി നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള കെട്ടിട സമുച്ചയങ്ങളെ സിഡ്‌നി ഓപ്പറ ഹൗസ് മാതൃകയില്‍ വെളിച്ച വിന്യാസം ഒരുക്കി ആകര്‍ഷകമാക്കുകയും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സംരക്ഷിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരവും കിഴക്കേക്കോട്ടയും എംജി റോഡ് മുതല്‍ വെള്ളയമ്പലം വരെ പ്രൗഢഭംഗിയാര്‍ന്ന 19 കെട്ടിട സമുച്ചയങ്ങള്‍ അത്യാധുനിക പ്രകാശ സംവിധാനങ്ങള്‍ സ്ഥാപിച്ച് മനോഹരമാക്കും. കൂടാതെ കിഴക്കേകോട്ട മുതല്‍ ഈഞ്ചക്കല്‍ വരെ 21 കെട്ടിട സമുച്ചയങ്ങളും സംരക്ഷിച്ച് അലങ്കാര ദീപങ്ങളാല്‍ ആകര്‍ഷകമാക്കും.

സെക്രട്ടറിയേറ്റ് മന്ദിരം ലേസര്‍ പ്രൊജക്ഷന്‍ വഴിയാണ് ആകര്‍ഷകമാക്കുന്നത്. ദീപ പ്രഭയില്‍ തിളങ്ങുന്ന സെക്രട്ടേറിയേറ്റ് മന്ദിരത്തില്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ഡിജിറ്റല്‍ സംവിധാനത്തിലൂടെ ആവിഷ്‌കരിക്കും. ഒരു സംസ്ഥാന തലസ്ഥാന മന്ദിരം തന്നെ ചരിത്ര മ്യൂസിയമായി മാറുമെന്ന പ്രത്യേകത കൂടി പദ്ധതിക്കുണ്ട്.

തിരുവനന്തപുരത്തിന്റെ പ്രൗഢിയാര്‍ന്ന കെട്ടിടങ്ങള്‍ എല്ലാം അത്യാധുനിക വൈദ്യുത ദീപാലങ്കാരങ്ങളാല്‍ പ്രകാശിതമാകുന്നതോടെ രാത്രികാല ടൂറിസം കേന്ദ്രം കൂടിയായി തലസ്ഥാന നഗരം മാറും.

ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ലോകപ്രസിദ്ധമായ ആഭാ നാരായണന്‍ ലാംബ അസോസിയേറ്റ്സാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്. കെട്ടിടങ്ങളുടെ ലൈറ്റിംഗ് 3 മാസത്തിനകവും നവീകരണം ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ഒരു വര്‍ഷത്തിനകവും പൂര്‍ത്തിയാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

Exit mobile version