Newsathouse

ഏഷ്യാനെറ്റിന്റെ സിഗ്നേച്ചര്‍ സോംഗുണ്ടാക്കിയതില്‍ പ്രധാനപങ്ക്; മലയാളിയുടെ സംഗീതാസ്വാദനത്തില്‍ വ്യത്യസ്തധാരയുണ്ടാക്കിയയാള്‍; ഐസക്ക്‌തോമസ് കൊട്ടുകാപ്പള്ളി യാത്രയായി

കോട്ടയം: ദേശീയ പുരസ്‌കാരജേതാവും പ്രശസ്ത സംഗീതസംവിധായകനുമായ ഐസക് തോമസ് കൊട്ടുകാപ്പള്ളി( 72 ) അന്തരിച്ചു. കോട്ടയം പാലാ സ്വദേശിയാണ്. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. പാര്‍ലമെന്റംഗമായിരുന്ന ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയുടെ മകനാണ്. സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബുവിലെ പശ്ചാത്തലസംഗീതത്തിലാണ് 2010ല്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായത്.


മലയാളം, കന്നഡ, ഹിന്ദി സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. വിഖ്യാതസംവിധായകന്‍ ഗിരീഷ് കാസറവള്ളിയുടെ ദേശീയപുരസ്‌കാരം നേടിയ സിനിമയ തായി സഹേബയിലൂടെയാണു സിനിമയിലെ അരങ്ങേറ്റം. കുട്ടിസ്രാങ്ക്, മാര്‍ഗം, സഞ്ചാരം, പുണ്യം അഹം തുടങ്ങിയ മലയാളസിനിമകള്‍ക്കു പശ്ചാത്തലസംഗീതം ചെയ്തു. നാലുതവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വന്തമാക്കി.
പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിച്ചശേഷം അരവിന്ദന്റെ സംവിധാന സഹായിയായി സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഏഷ്യാനെറ്റിന്റെ സിഗ്നേച്ചര്‍ സോംഗിന് എ ആര്‍ റഹ്മാനൊപ്പം സംഗീതം നല്‍കിയതും അദ്ദേഹമായിരുന്നു. ഏഷ്യാനെറ്റിന്റെ ആദ്യത്തെ വൈസ്പ്രസിഡന്റായിരുന്നു. ചിത്രയാണു ഭാര്യ. കുടുംബ സമേതം ചെന്നെയിലായിരുന്നു താമസം. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് ചെന്നൈയില്‍.

Exit mobile version