Newsathouse

എനിക്ക് 90 വയസ്സായിട്ടില്ല; അമല്‍ നീരദിന്റെയും ആഷിഖ് അബുവിന്റെയുമൊപ്പം പഠിച്ചതാണ്; ഇത് അപമാനിക്കല്‍; പൊട്ടിത്തെറിച്ച് സലിംകുമാര്‍

തിരുവനന്തപുരം : കേരളത്തിന്റെ അന്താരാഷ്ട്ര ചലചിത്രോല്‍സവത്തിന്റെ കൊച്ചി എഡിഷന്‍ നാളെ തുടങ്ങാനിരിക്കെ സലിംകുമാറിനെ അപമാനിച്ച സംഭവം വന്‍വിവാദത്തില്‍. ഉദ്ഘാടന വേദിയില്‍ പുരസ്‌കാരജേതാക്കളാണ് തിരിതെളിക്കേണ്ടത് എന്നതിനാല്‍ ദേശീയ അവാര്‍ഡ് ജേതാവായ സലിംകുമാര്‍ ഉള്‍പ്പെടെയുള്ളവരെ ക്ഷണിക്കണമായിരുന്നു. എന്നാല്‍ സലിംകുമാറിനെ ക്ഷണിച്ചില്ലെന്ന് മാത്രമല്ല ക്ഷമിക്കാത്തത് പ്രായക്കൂടുതലായതുകൊണ്ടാണെന്ന് ഐഎഫ്എഫ് കെ സംഘാടകര്‍ അറിയിക്കുകയും ചെയ്തു. ഇതോടെ സലിംകുമാര്‍ മാധ്യമങ്ങളിലൂടെ പൊട്ടിത്തെറിച്ചു.

താന്‍ 90 വയസ്സുകാരനല്ലെന്നും ആഷിഖ് അബുവും അമല്‍നീരദുമൊക്കെ തന്റെ സഹപാഠികളാണെന്നും ഇത് അക്ഷരാര്‍ത്ഥത്തില്‍ അപമാനിക്കലാണന്നും പറഞ്ഞു. മാത്രമല്ല ഇതിന്റെ പിന്നില്‍ രാഷ്ട്രീയമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

എനിക്ക് 90 വയസ്സായിട്ടില്ല;  ഇത് അപമാനിക്കല്‍; പൊട്ടിത്തെറിച്ച് സലിംകുമാര്‍| SALIMKUMAR IFFK

സലിംകുമാറില്ലാതെ കൊച്ചി ഐഎഫ്എഫ്‌കെ നടക്കില്ലെന്നും എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കുമെന്നും ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. അതേ സമയം ഒരു കോണ്‍ഗ്രസ്സുകാരന്‍ കൂടിയായ സലിംകുമാറിനെതിരായ നീക്കമാണിതിന് പിന്നിലെന്ന ആരോപണവുമായി പിസി വിഷ്ണുനാഥുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി.

ഐ.എഫ്.എഫ്.കെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവ്‌ സലിം കുമാറിനെ ഒഴിവാക്കിയതില്‍ സർക്കാരിനെതിരെ കെപിസിസി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ്. ചലച്ചിത്ര അക്കാദമിക്ക് ഇടതുപക്ഷ സ്വഭാവം ഉണ്ടാവാൻ സിപിഎം അനുഭാവികളെ പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താൻ ശുപാർശ ചെയ്ത കമൽ അധ്യക്ഷനായ കമ്മിറ്റിയിൽ നിന്നും ഇതിനപ്പുറമൊന്നും  പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സർക്കാരിന് വാഴ്ത്തുപാട്ടുകളുമായി രംഗത്തെത്തുന്ന താരങ്ങള്‍ നടപടിക്കെതിരെ പ്രതികരിക്കില്ലെങ്കിലും മലയാളിയുടെ പൊതുബോധം ഇതെല്ലാം വിലയിരുത്തുന്നുണ്ടെന്ന് സർക്കാർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

താൻ ഒരു കോൺഗ്രസുകാരനായതു കൊണ്ട് മാത്രമാണ് തന്നെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതെന്ന് സലിംകുമാർ പരസ്യമായി പറയുന്നു. ചലച്ചിത്ര അക്കാദമിക്ക് ഇടതുപക്ഷ സ്വഭാവം ഉണ്ടാവാൻ സി പി എം അനുഭാവികളെ പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താൻ ശുപാർശ ചെയ്ത കമൽ അധ്യക്ഷനായ കമ്മിറ്റിയിൽ നിന്നും ഇതിനപ്പുറമൊന്നും നമ്മൾ പ്രതീക്ഷിക്കുന്നില്ല.ഈ വിവേചനത്തിനെതിരെ പ്രതികരിക്കാൻ മലയാളത്തിലെ താരസംഘടനകളോ നിർമ്മാതാക്കളുടെ സംഘടനകളോ അവിടെയുള്ള കാക്കത്തൊള്ളായിരം സംഘടനകളൊന്നും തയ്യാറാവില്ലെന്നും അറിയാം.ജി എസ് ടിക്ക് മുകളിൽ പിണറായി സർക്കാർ ഏർപ്പെടുത്തിയിരുന്ന വിനോദ നികുതി അവർ തന്നെ പിൻവലിച്ചപ്പോൾ അഭിനന്ദന പ്രവാഹത്തിന്റെ സോഷ്യൽ മീഡിയ വാഴ്ത്തുപാട്ടുമായ് കളംനിറഞ്ഞ താരങ്ങളിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.പക്ഷെ മലയാളിയുടെ പൊതുബോധം ഇതിനെയെല്ലാം വിലയിരുത്തുന്നുണ്ട് എന്ന് ഭരണക്കാർ മനസിലാക്കിയാൽ നന്ന്.

Exit mobile version