Newsathouse

ഒളിവര്‍ ബുര്‍ക്കെ വീരനായകനായി; ഒന്നാമതാകാനുള്ള മുന്നേറ്റത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റിന് ഷെഫീല്‍ഡിന്റെ ചെക്ക്; പ്രീമിയര്‍ ലീഗില്‍ ഗണ്ണറിന്റെ പടക്കുതിരകള്‍ക്ക് ഇരുട്ടടി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിരക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അപ്രതീക്ഷിത തോല്‍വി. ഒന്നിനെതിരേ രണ്ടു ഗോളിനു ഷെഫീല്‍ഡ് യുണൈറ്റഡാണു ചുവന്ന ചെകുത്താന്‍മാരുടെ കുതിപ്പിനു കടിഞ്ഞാണിട്ടത്.
മറ്റൊരു മത്സരത്തില്‍ പുതിയ പരിശീലകന്‍ തോമസ് ടുഷലിനു കീഴില്‍ ആദ്യ മത്സരത്തിനിറങ്ങിയ ചെല്‍സിയെ വോള്‍വ്സ് ഗോള്‍രഹിത സമനിലയില്‍ കുരുക്കി. ലെസ്റ്റര്‍ സിറ്റിയും എവര്‍ട്ടണും 1-1 നു തുല്യത പാലിച്ചപ്പോള്‍ ആസ്റ്റണ്‍ വില്ലയെ ബേണ്‍ലി അട്ടിമറിച്ചു. ബ്രൈട്ടന്‍ ആന്‍ഡ് ഹോവ് ആല്‍ബിയോണും ഫുള്‍ഹാമും തമ്മിലുള്ള പോരാട്ടത്തിലും ഗോള്‍ പിറന്നില്ല.
സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോഡിലാണു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണത്. തോല്‍വി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഷെഫീല്‍ഡ് യുണൈറ്റഡിനോടാണെന്നത് നാണക്കേട് ഇരട്ടിയാക്കി. ജയിച്ചിരുന്നെങ്കില്‍ അയല്‍ക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് യുണൈറ്റഡിന് ഒന്നാം സ്ഥാനത്തെത്താമായിരുന്നു. പക്ഷേ, സോള്‍ഷേറിന്റെ സ്വപ്നങ്ങളെരിച്ച് സീസണിലെ രണ്ടാം ജയം മാത്രം കുറിച്ച് ഷെഫീല്‍ഡ് ഓള്‍ഡ് ട്രാഫോഡില്‍നിന്നു മടങ്ങി. 48 വര്‍ഷത്തിനിടെ ആദ്യമായാണു മാഞ്ചസ്റ്ററിന്റെ കളിമുറ്റത്ത് ഷെഫീല്‍ഡ് വിജയിക്കുന്നത്.

പ്രീമിയര്‍ ലീഗില്‍ 13 മത്സരങ്ങളിലെ യുണൈറ്റഡിന്റെ അപരാജിത കുതിപ്പിനും ഇതോടെ അവസാനമായി. ഷെഫീല്‍ഡിനായി ഗോള്‍ നേടിയ കീന്‍ ബ്രയാന്റെയും ഒലിവര്‍ ബുര്‍ക്കെയുടെയും ആദ്യ പ്രീമിയര്‍ ലീഗ് ഗോളുകളെന്ന സവിശേഷതയുമുണ്ട്.
23-ാം മിനിറ്റില്‍ ഷെഫീല്‍ഡ് ആദ്യവെടി പൊട്ടിച്ചു. ജോണ്‍ ഫ്ളെക്കെടുത്ത കോര്‍ണര്‍കിക്കില്‍നിന്നു കെവിന്‍ ബ്രയാന്‍ തൊടുത്ത ഹെഡര്‍ യുണൈറ്റഡിന്റെ വലകുലുക്കി. രണ്ടു മിനിറ്റിനുള്ളില്‍ ഗ്രീന്‍വുഡിനു സമനില പിടിക്കാന്‍ രണ്ടു സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളി റാംസ്ഡേലിന്റെ മികവില്‍ മുതലാക്കാനായില്ല. 30-ാം മിനിറ്റില്‍ ആന്റണി മാര്‍സ്യാല്‍ ഷെഫീല്‍ഡ്വലയില്‍ പന്തെത്തിച്ചെങ്കിലും ഫൗള്‍ വിസില്‍ മുഴക്കി റഫറി ഗോള്‍ നിഷേധിച്ചു.
രണ്ടാം പകുതിയിലും സമ്മര്‍ദം ചെലുത്തിയ യുണൈറ്റഡ് ക്യാപ്റ്റന്‍ ഹാരി മഗ്വയറിലൂടെ സമനില കണ്ടെത്തി. ടെല്ലസ് പെനാല്‍റ്റി ബോക്സിലേക്കു മറിച്ചു നല്‍കിയ പന്ത് തലകൊണ്ടു ചെത്തി മഗ്വയര്‍ തന്റെ പഴയ ടീമിന്റെ വലയ്ക്കുള്ളിലാക്കുകയായിരുന്നു. 66-ാം മിനിറ്റില്‍ ഗ്രീന്‍വുഡിനെ പിന്‍വലിച്ച് എഡിന്‍സണ്‍ കവാനിയെ സോള്‍ഷേര്‍ കളത്തിലിറക്കി. എന്നാല്‍ 70-ാം മിനിറ്റില്‍ ഷാര്‍പ്പിനു പകരമിറങ്ങിയ ഒളിവര്‍ ബുര്‍ക്കെയ്ക്കായിരുന്നു വീരനായകനാകാന്‍ യോഗം. കളത്തിലിറങ്ങി നാലാം മിനിറ്റില്‍ യുണൈറ്റഡിനെ ഞെട്ടിച്ച് ബുര്‍ക്കെ സ്‌കോര്‍ ചെയ്തു.

ജോണ്‍ ലുന്‍ഡ്സ്ട്രാമിന്റെ പാസില്‍നിന്നു ബുര്‍ക്കെ തൊടുത്ത ഷോട്ട് മാഞ്ചസ്റ്റര്‍ താരത്തിന്റെ ശരീരത്തില്‍ സ്പര്‍ശിച്ച് ഗോളി ഡേവിഡ് ദെഹയയെ മറികടന്ന് പോസ്റ്റിനുമുകളിലിടിച്ച് വലയില്‍ കയറുകയായിരുന്നു. സമനിലയ്ക്കായുള്ള ശ്രമങ്ങള്‍ വിഫലമായതോടെ യുണൈറ്റഡ് താരങ്ങള്‍ തലകുമ്പിട്ടു സ്വന്തം മൈതാനത്തുനിന്നു മടങ്ങി.

തോല്‍വിയോടെ യുണൈറ്റഡ് രണ്ടാം സ്ഥാനത്തു തുടരുകയാണ്. 20 കളിയില്‍ 40 പോയിന്റാണു ടീമിന്റെ സമ്പാദ്യം. യുണൈറ്റഡിനേക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിയാണ് 41 പോയിന്റുമായി ഒന്നാമത്. 20 കളിയില്‍ 39 പോയിന്റുള്ള ലെസ്റ്റര്‍ മൂന്നാമതുണ്ട്. എവര്‍ട്ടന്‍ 18 കളിയില്‍ 33 പോയിന്റുമായി എട്ടാമതും 20 കളിയില്‍ 30 പോയിന്റുമായി ചെല്‍സി എട്ടാമതും 18 മത്സരങ്ങളില്‍നിന്ന് 29 പോയിന്റുമായി ആസ്റ്റണ്‍ വില്ല പത്താമതുമാണ്.

Exit mobile version