Newsathouse

രാഹുല്‍ഗാന്ധി ഹോട്ടലില്‍ കയറി ചായകുടിക്കുന്ന വാര്‍ത്തയുമായി മനോരമ; ഹോട്ടലില്ലാത പിന്നെ ബാര്‍ബര്‍ ഷോപ്പില്‍ കയറിയാണോ ചായകുടിക്കുന്നതെന്ന് ട്രോളന്മാര്‍; കോണ്‍ഗ്രസ്സിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചതായും വിമര്‍ശനം; മനോരമയെ നിര്‍ത്തിപ്പൊരിച്ച് സോഷ്യല്‍ മീഡിയ

തെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലസന്ദര്‍ശനത്തിനെത്തിയ രാഹുല്‍ഗാന്ധി ഒരു ഹോട്ടലില്‍ കയറി ചായ കുടിക്കുന്നത് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച മനോരമ പത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പരിഹാസം. ഹോട്ടലില്‍ കയറി ചായകുടിച്ച് രാഹുല്‍ എന്ന തലക്കെട്ടോടെ ഇറങ്ങിയ വാര്‍ത്തയില്‍ ചുങ്കത്തറയില്‍ നിന്നുള്ള റിപ്പോര്‍ട്ട് അല്‍ഭുതത്തോടെയാണ് പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചായ മാത്രമാണ് ഹോട്ടലില്‍ കയറി രാഹുല്‍ ആവശ്യപ്പെട്ടതെന്നും വെയ്റ്ററുടെ നിര്‍ബന്ധപ്രകാരം സ്‌നാക്‌സുകൂടി കഴിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കെസി വേണുഗോപാല്‍ എംപി എപി അനില്‍കുമാര്‍ എംഎല്‍എ എന്നിവരും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തയിലെന്താണ് അല്‍ഭുതമെന്ന് ചോദിച്ചുകൊണ്ട് വിമര്‍ശകര്‍ രംഗത്തെത്തി. ഞങ്ങളൊക്കെ ഇത്രയും കാലം ബാര്‍ബര്‍ ഷോപ്പില്‍ പോയാണോ ചായ കുടിച്ചത് എന്ന ചോദ്യവുമായി ട്രോളുകളും സജീവമായി. ഹോട്ടലില്‍ കയറിയല്ലാതെ ടെക്‌സറ്റൈല്‍സില്‍ കയറിയാണോ ആളുകള്‍ ചായകുടിക്കുക എന്ന പരിഹാസവും ഉയര്‍ന്നു. അതേസമയം മുഖ്യമന്ത്രി ലൈഫ് പദ്ധതിയില്‍ വീടുപാലുകാച്ചിന് പോയ സംഭവവുമായും ചിലര്‍ ഈ സംഭവത്തെ ബന്ധപ്പെടുത്തി. കണ്ട വീടുകളില്‍ കയറി പാലുകാച്ചി നടക്കുന്ന മുഖ്യമന്ത്രിയൊക്കെ ഹോട്ടലില്‍ പോയി പാലൊഴിച്ച ചായ കുടിക്കണമെന്ന് രാഹുലിനെ വിമര്‍ശിച്ചുകൊണ്ടുള്ള ട്രോളുകളും ഇറങ്ങി. അതേ സമയം കേരളത്തില്‍ മുഖ്യമന്ത്രിയുടെ വളരെ പ്രധാനപ്പെട്ട രണ്ട് ഉദ്ഘാടന പരിപാടികള്‍ നടക്കുന്ന ദിവസം രാഹുല്‍ഗാന്ധിയെ മണ്ഡലത്തില്‍ കൊണ്ടു വന്ന് വാര്‍ത്താ പ്രാധാന്യം പോലും കിട്ടാത്ത വിധത്തില്‍ എഴുന്നള്ളിച്ചു നടത്തിയത് കോണ്‍ഗ്രസ്സിലെ നേതൃത്വം കരുതിക്കൂട്ടിയാണ എന്ന വിമര്‍ശനവും ഒരു ഭാഗത്തുനിന്നുയര്‍ന്നിട്ടുണ്ട്.

Exit mobile version