തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് നിലമൊരുക്കാന്‍ ലക്ഷ്യമിട്ട് വിഷുകിറ്റ് വിതരണവും ക്ഷേപെന്‍ഷന്‍ വിതരണവും ഏപ്രിലില്‍ വിഷുവിന് മുമ്പ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. അതേ സമയം തദ്ദേശതെരഞ്ഞെടുപ്പില്‍ നേരിട്ട അതേ മാര്‍ഗ്ഗത്തില്‍ നേരിടാന്‍ യുഡിഎഫും ആലോചിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പോഷക സംഘടനയുടെ നേതാവ് കോടതിയില്‍ പോയി ക്ഷേമപെന്‍ഷന്‍ വിതരണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ പെന്‍ഷനും പോലെ ഇതും കണ്ടാല്‍ മതിയെന്ന നിലപാടെടുത്ത സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ച് പെന്‍ഷന്‍ വിതരണത്തിന സ്റ്റേ നല്‍കിയില്ല. തദ്ദശ തെരഞ്ഞെടുപ്പില്‍ പെന്‍ഷന്‍ വിതരണം സ്വാധീനം ചെലുത്തിയെന്ന വിലയിരുത്തല്‍ ഇത്തവണ യുഡിഎഫിനുണ്ട്. അതിനാല്‍ ഉടന്‍ ഇക്കാര്യത്തില്‍ ശക്തമായ വാദവുമായി ഇത്തവണ കോടതിയെ സമീപിക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പരിപാടിയാണിതെന്ന വാദമായിരിക്കും അവര്‍ കോടതിയില്‍ ഉന്നയിക്കുക. അതേ സമയം ബജറ്റില്‍ പ്രഖ്യാപിച്ച വര്‍ധിപ്പിച്ച ക്ഷേമ പെന്‍ഷന്‍ 1600 രൂപ വിഷുവിനുമുമ്പ് ഗുണഭോക്താക്കളുടെ വീടുകളിലെത്തുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. വിഷു കിറ്റും വിതരണം ചെയ്യും. എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോഗ്രാംവീതം അരിയും വിഷുവിനുമുമ്പ് ലഭ്യമാക്കും. എല്ലാ സ്‌കീം വര്‍ക്കേഴ്സിനും വര്‍ധിപ്പിച്ച വേതനവും പ്രതിഫലവും ഏപ്രിലില്‍ത്തന്നെ നടപ്പാക്കും. എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ‘ബജറ്റ് (2021–22) ഭാവി കേരളത്തിന്റെ രൂപരേഖ’ ചര്‍ച്ചയില്‍ മുഖ്യാവതരണം നടത്തുകയായിരുന്നു ധനമന്ത്രി.
ഉപജീവന മേഖലയില്‍ അഞ്ചുലക്ഷം തൊഴില്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനവും ഏപ്രിലില്‍ തുടങ്ങും. രണ്ടുലക്ഷം പേര്‍ക്ക് കാര്‍ഷിക മേഖലയിലും മൂന്നുലക്ഷം പേര്‍ക്ക് കാര്‍ഷികേതര മേഖലയിലും തൊഴിലുറപ്പാക്കും. 100 ദിനത്തില്‍ 50,000 തൊഴില്‍ പ്രഖ്യാപിച്ചശേഷം ഒരുലക്ഷത്തിലേറെ തൊഴിലവസരം ഉറപ്പാക്കിയ അനുഭവം കേരളത്തിനുമുന്നിലുണ്ട്.
ദാരിദ്ര്യം പൂര്‍ണമായും തുടച്ചുനീക്കാനുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്. പട്ടികയിലേക്ക് ഉള്‍പ്പെടുത്തേണ്ട കുടുംബങ്ങളില്‍നിന്ന് അപേക്ഷ ഉടന്‍ ക്ഷണിക്കും. അര്‍ഹതപ്പെട്ട കുടുംബങ്ങളെ കണ്ടെത്താന്‍ സര്‍വേ നടപടികളും ആരംഭിക്കും. അഞ്ചുലക്ഷത്തോളം കുടുംബങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടിവരിക. ഈ കുടുംബങ്ങളുടെ ഉപജീവനത്തിന് വരുമാനം ഉറപ്പാക്കാന്‍ തൊഴില്‍, അസുഖങ്ങള്‍ക്ക് ചികിത്സ, പാര്‍പ്പിടം, ആവശ്യമെങ്കില്‍ സൗജന്യ ഭക്ഷണം തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ക്ക് പണം തടസ്സമാകില്ല. കോവിഡിന്റെ കെടുതിക്കാലത്ത് ജനതയെ രക്ഷിക്കാനുള്ള എല്ലാ നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു. ഇതിന്റെ തുടര്‍ച്ച ഉറപ്പാക്കും.
സാധാരണക്കാരുടെ കുടുംബങ്ങളിലെ കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിന് അനുയോജ്യമായ തൊഴിലവസരം തുറക്കും. പുരുഷന്‍മാരെ അപേക്ഷിച്ച് നാലിരട്ടിയാണ് സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ. ഇത് പരിഹരിക്കാന്‍ കൃത്യമായ പരിപാടി ബജറ്റ് മുന്നോട്ടുവച്ചിട്ടുണ്ട്. അത് നാളത്തെ കേരളത്തിനായുള്ള കര്‍മപരിപാടിയാണ്. സര്‍ക്കാര്‍ ജോബ് പോര്‍ട്ടല്‍ ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍വരത്തക്ക വിധത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഫെബ്രുവരി ആദ്യവാരം ഉദ്യോഗാര്‍ഥികളുടെ രജിസ്ട്രേഷന്‍ തുടങ്ങും.
സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, പുതിയ കാല്‍വയ്പുകളും ബജറ്റിലൂടെ നടത്തുകയാണ്. എല്ലാ പരിമിതികള്‍ക്കുമുള്ളില്‍നിന്ന് കേരളത്തിന്റെ വികസന പ്രശ്നങ്ങള്‍ക്കും ഉത്തരം കണ്ടെത്തുകയാണെന്നും ധനമന്ത്രി പറഞ്ഞു.