Newsathouse

കലാകാരൻമാർക്ക് ആവശ്യമായ എല്ലാ സഹായവും സർക്കാർ നൽകും: മുഖ്യമന്ത്രി

ബുദ്ധിമുട്ടിലായ കലാകാരൻമാർക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കാൻ വേണ്ട നടപടി സർക്കാർ സ്വീകരിക്കുമെന്നും കലാകാരൻമാരുടെ പ്രയാസം സർക്കാർ ഉൾക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. 
കലാകാരൻമാർക്ക് ഇപ്പോൾ ചില സഹായങ്ങൾ സർക്കാർ നൽകിയിട്ടുണ്ട്. കൂടുതൽ സഹായം നൽകാൻ മടിച്ചു നിൽക്കില്ല. അവശ കലാകാരൻമാർക്ക് പെൻഷൻ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കും. കേരളത്തിനൊരു സിനിമ നയം രൂപീകരിക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കേരള കലാമണ്ഡലത്തിൽ പ്‌ളസ് ടു കഴിഞ്ഞിറങ്ങുന്ന കുട്ടികൾക്ക് തുടർ പഠനത്തിന് പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിശോധിക്കും. കേരളത്തിലെ വിവിധ അക്കാഡമികൾക്ക് ആവശ്യമുള്ള  ഫണ്ട് സർക്കാരിന്റെ പരിമിതിക്കുള്ളിൽ നിന്ന് നൽകുന്നതിന് ശ്രദ്ധിച്ചിട്ടുണ്ട്. കേരളത്തിന്റെ പൈതൃകങ്ങൾ സംരക്ഷിക്കേണ്ടതിനെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. പൈതൃക കേന്ദ്രങ്ങൾ നശിക്കാൻ പാടില്ല. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യും. സാഹിത്യകാരൻമാർ സ്‌കൂളുകളിലെത്തി കുട്ടികളുമായി സംവദിക്കുന്ന പരിപാടി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാകാരൻമാർക്ക് പരിപാടികൾ അവതരിപ്പിക്കുന്നതിന് തലസ്ഥാനത്തെ ഹാളുകൾ ചെറിയ വാടകയ്ക്ക് വിട്ടു നൽകണമെന്ന നിർദ്ദേശം പരിഗണിക്കും. കേരളത്തിലെ നൃത്തവിദ്യാർത്ഥികൾക്ക് ഗവേഷണം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതും ചർച്ച ചെയ്യും.സൈബർ നിയമങ്ങൾ ശക്തിപ്പെടുത്തണമെന്ന പൊതുഅഭിപ്രായം വന്നിട്ടുണ്ട്. സൈബർ സെല്ലുകളിൽ നിലവിൽ ആവശ്യത്തിന് ജീവനക്കാരുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. 

കേരളത്തിലെ സർവകലാശാലകളുടെ മികവ് വർധിപ്പിക്കാനുള്ള നല്ല ശ്രമത്തിലാണ് സർക്കാർ. ഉന്നത വിദ്യാഭ്യാസ മേഖല കാലാനുസൃതമായി മാറേണ്ടതുണ്ട്. ഇതിനുള്ള പ്രഖ്യാപനം ഇത്തവണത്തെ ബഡ്ജറ്റിലുണ്ടായിട്ടുണ്ട്.  പോലീസിനോടുള്ള ഭയം അകറ്റാൻ വിദ്യാലയങ്ങളിൽ യൂണിഫോമിലുള്ള ഉദ്യോഗസ്ഥർ ക്‌ളാസുകളെടുക്കണമെന്ന് ചർച്ചയിൽ ഉയർന്ന നിർദ്ദേശം നല്ല ആശയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്തെ പ്രൈമറി ക്‌ളാസുകളിലെ അധ്യാപകർ മികവുള്ളവരാണ്. എന്നാൽ അവർ കാലാനുസൃതമായ മികവ് ആർജിക്കണം. ഇതിനാവശ്യമായ പരിശീലനം നൽകും. 

നവോത്ഥാന പ്രതിബദ്ധത ശരിയായി പുലർന്നു പോകണം. പ്രതിസന്ധികളെ നേരിട്ട കേരളത്തിന്റെ ഒരുമ നവോത്ഥാന മൂല്യത്തിൽ നിന്നുണ്ടായതാണ്. എന്നാൽ സമൂഹത്തിൽ വേർതിരിവ് സൃഷ്ടിക്കാനും സ്പർദ്ധ വളർത്താനും വിഭാഗീയതയ്ക്കും വലിയ ശ്രമം നടക്കുന്നു. ഇതിനായി വിവിധ മാർഗങ്ങൾ അവർ ഉപയോഗിക്കുന്നു. ശരിയായ തിരിച്ചറിവിലൂടെ മാത്രമേ എതിർ നിലപാടു സ്വീകരിക്കാനാവൂ. എതിർക്കേണ്ടതിനെ എതിർത്തും തുറന്നു കാട്ടേണ്ടതിനെ തുറന്നു കാട്ടിയും മുന്നോട്ടു പോകണം. അല്ലെങ്കിൽ ചതിക്കുഴിയിൽ പതിക്കും. 

കോവിഡ് 19 ഗൗരവാവസ്ഥയിൽ നീങ്ങുന്ന സ്ഥിതിയാണ് സംസ്ഥാനത്ത് ഇപ്പോഴുമുള്ളത്. ഉത്‌സവ സീസൺ നഷ്ടപ്പെടുന്നതു മൂലം കലാകാരൻമാർ മിക്കവരും ബുദ്ധിമുട്ടിലാണെന്നും 200ൽ കൂടുതൽ പേർ എത്തുമെന്ന പേടിയിൽ പല ക്ഷേത്രക്കമ്മിറ്റികളും കലാപരിപാടികൾ നടത്തുന്നതിന് വിമുഖത കാട്ടുന്നതായും സംവാദത്തിൽ ചിലർ ചൂണ്ടിക്കാട്ടിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാസ്‌ക്ക് ധരിക്കുന്നതിൽ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ശാരീരികാകലം പാലിക്കുന്നതിൽ വലിയ കുറവുണ്ടായിട്ടുണ്ട്. പോലീസ് വിചാരിച്ചാൽ മാത്രം ഉത്‌സവ സ്ഥലത്തെ ആളുകളെ നിയന്ത്രിക്കാനാവില്ല. ഇപ്പോഴത്തെ ജാഗ്രത ശക്തിപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

എം.ടി വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, എം. കെ. സാനു, എം. മുകുന്ദൻ, ശ്രീകുമാരൻ തമ്പി, എൻ. എസ്. മാധവൻ, ഷാജി എൻ. കരുൺ, സക്കറിയ, മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യർ, പ്രൊഫ. വി. മധുസൂദനൻ നായർ, മേതിൽ ദേവിക, രഞ്ജിത്ത്, മട്ടന്നൂർ ശങ്കരൻകുട്ടി, ഡോ. കെ. ഓമനക്കുട്ടി, സൂര്യ കൃഷ്ണമൂർത്തി, സി. ജെ. കുട്ടപ്പൻ, പാർവതി തിരുവോത്ത്, പി. ജയചന്ദ്രൻ, വസന്തകുമാർ സാംബശിവൻ എന്നിവർ സംസാരിച്ചു. സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതവും ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ നന്ദിയും പറഞ്ഞു.

Exit mobile version