Newsathouse

ആചാരസംരക്ഷണ സമരം, ചെഗുവേരയുടെ ചിത്രമുള്ള ബസ് സ്‌റ്റോപ്പ്, ഭാരതീയ അടുക്കളയിലെ നായിക ജീവിതം തിരിച്ചുപിടിക്കാന്‍ ഇറങ്ങി നടന്ന വഴികള്‍, സിപി താജുദ്ദീന്‍ സ്മാരക ബസ് സ്റ്റോപ്പിതാ ഇവിടെ കാപ്പാടുണ്ട്

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കണ്ടവരാരും മറക്കാനിടയില്ലാത്ത ഒരു രംഗമാണ്. നായകന്റെ വീട്ടില്‍ നിന്നിറങ്ങി നടക്കുന്ന നായികയുടെ യാത്ര. കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാന്‍ സ്വയം ഇറങ്ങി നടന്ന നായിക പോയ വഴികളിലെ ബിംബങ്ങള്‍ പോലും അതുപോലെ മനസ്സില്‍ നില്‍ പ്പുണ്ടാകും. അത്ര വൈകാരികമായ ഒരു പ്രതിഷേധമായിരുന്നു അത്. പുരുഷാധിപത്യത്തിന്റെ അടിമത്വ അടുക്കളയില്‍ നിന്ന് ഇറങ്ങി നടക്കുന്ന നായിക മനസ്സ് നിറയെ പൊട്ടിത്തെറിക്കാന്‍ വെമ്പുന്ന ക്ഷോഭവുമായി നടക്കുമ്പോള്‍ ചുറ്റിലും അതീവപ്രസക്തമായ ചിത്രങ്ങളാണുണ്ടായിരുന്നത്. വഴികള്‍, വഴിക്കിരുവശവും മനുഷ്യര്‍, കളിക്കുന്ന കുട്ടികള്‍, തുണിയലക്കുന്ന വീട്ടമ്മമാര്‍, കടല്‍ തുടങ്ങി ഒരിക്കലും മറക്കാത്ത ദൃശ്യങ്ങള്‍. എന്നാല്‍ എല്ലാത്തിനും മീതെ ഉയര്‍ന്ന് നിന്നിരുന്നത് മറ്റൊരു ദൃശ്യമായിരുന്നു.

സിനിമയിലെ രംഗം

സിപി താജുദ്ദീന്‍ സ്മാരക ബസ്റ്റോപ്പും ആ ബസ്റ്റോപ്പിന്റെ ഇടതുവശത്തായി പന്തല്‍കെട്ടി സമരം ചെയ്യുന്ന ആചാരസംരക്ഷണക്കാരും. ശബരിമല സ്ത്രീപ്രവേശനകാലത്ത് നാടുനീളെ ആര്‍എസ്എസിന്റെയുള്‍പ്പെടെയുള്ള സംഘടനകളുടെ ആഹ്വാനപ്രകാരം നടന്ന നാമജപസമരം എന്നുവിളിക്കപ്പെട്ട ആചാരസംരക്ഷണപ്രതിഷേധങ്ങള്‍. ബസ് സ്റ്റോപ്പാണെങ്കില്‍ ഡിവൈഎഫ്‌ഐ എന്നെഴുതി ചെഗുവേരയുടെ ചിത്രം വരച്ച കാഴ്ച. ഈ സിനിമയുടെ ആകെത്തുകയായി മുന്നോട്ടുവയ്ക്കാവുന്ന ദൃശ്യമായാണ് അത് വിലയിരുത്തപ്പെട്ടത്. ശബരിമലസമരക്കാലത്ത് നാടുനീളെ കുലസ്ത്രീകളുടെ പേരില്‍ പുരുഷന്മാര്‍ പിന്നണിയില്‍ നിന്നുകൊണ്ട് നടത്തിയ ആഘോഷമായിരുന്നു നാമജപയജ്ഞമെന്ന് പിന്നീട് വിലയിരുത്തപ്പെട്ടു.

സിനിമയിലെ രംഗം

ആ സ്ത്രീ പ്രതിഷേധത്തിന്റെയും ബസ് സ്‌റ്റോപ്പിന്റെയും കാഴ്ച സിനിമയ്ക്ക് വേണ്ടി സെറ്റിട്ടതായിരുന്നോ എന്നതായിരുന്നു ഏവരും ആലോചിച്ചത്. എന്നാല്‍ അങ്ങനെയല്ല, അതൊറിജിനല്‍ ഇടമാണ് എന്ന് ജയകൃഷ്ണന്‍ മുഴങ്ങോടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. നായിക നടന്നുപോയ വഴിയിലെ ഡിവൈഎഫ്‌ഐയുടെ ബസ് വെയ്റ്റിംഗ് ഷെല്‍റ്ററും അതിന്മേല്‍ വരച്ച ചെഗുവേരയുട ചിത്രവും ഇതോടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഈ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിന് ഇടതുവശത്താണ് ടെന്റുകെട്ടി ആചാരസംരക്ഷണപ്രതിഷേധപ്പന്തലുമുണ്ടാക്കിയത്.

ഒറിജിനല്‍ ബസ സ്റ്റോപ്പ്‌

ജയകൃഷ്ണന്‍ മുഴങ്ങോടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് താഴെ:

മഹത്തായ ഭാരതീയ അടുക്കള എന്ന ജയിലറയില്‍ നിന്ന്
പൊരുതിനേടിയ സ്വാതന്ത്ര്യവുമായി പുറത്തുവന്ന പെണ്‍കുട്ടി
കനലെരിയുന്ന മനസുമായി നടന്ന നീണ്ട വഴികളിലൂടെ
ഇന്ന് കടന്നു പോകാനിടയായി…
വൈദേശിക അടിമത്തത്തിന്റെ ദൂതുമായി അഞ്ച് നൂറ്റാണ്ട് മുന്‍പ് വാസ്‌കോഡഗാമയെന്ന നാവികന്‍ കപ്പലിറങ്ങിയ കാപ്പാട് തീരത്ത്..
ഗാമയും പിന്മുറക്കാരും പിന്നാലെ വന്ന പലനാട്ടുകാരും പോയി. നാം തന്നെ നമ്മെ ഭരിക്കുന്ന ഭരണക്രമവും വന്നു.
എന്നിട്ടും
പ്രഖ്യാപിതവും പ്രത്യക്ഷവുമായ അടിമത്തം മാത്രമേ അവസാനിച്ചിട്ടുള്ളൂ. സമൂഹത്തിലും കുടുംബത്തിലും മനുഷ്യന്റെ മനോനിലയിലും അടിമത്തം അവശേഷിക്കുന്നു, അടിച്ചേല്‍പ്പിക്കപ്പെടുന്നു..
അവിടെനിന്നും പുറത്തുവരാനുള്ള പോരാട്ട വഴികളില്‍ അഭയം നല്‍കുന്ന തണലിടങ്ങള്‍ക്ക് ചെന്നിറമാണിന്നും..
ആ നിറത്തിനു മാത്രമേ യാഥാസ്ഥിതികത്വത്തിന്റെ നെടും കോട്ടകള്‍ക്ക് മുന്നില്‍ ഭയമില്ലാത്തതായുള്ളൂ..
നാല് വോട്ടും നാലഞ്ച് കസേരയും നഷ്ടപ്പെട്ടാലും നവോത്ഥാന മൂല്യങ്ങള്‍ കൈവിട്ടു കളയാന്‍ തയാറല്ലാത്തതായുള്ളൂ…

https://www.facebook.com/jks.kssp

യഥാര്‍ത്ഥ വഴി
Exit mobile version