Newsathouse

ഗാഡ്ജറ്റുകളില്‍ നിന്നുള്ള വെളിച്ചവും പുരുഷന്മാരില്‍ ബീജത്തിന്റെ ഗുണം കുറയുന്നതും തമ്മില്‍ ബന്ധം; അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വന്ധ്യതയ്ക്ക് കാരണമായേക്കാം

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവരായി ഇന്നാരുമില്ല. അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വന്ധ്യതയ്ക്ക് വരെ കാരണമാകുമെന്ന് പഠനമാണ് ഉപയോക്താക്കളെ ഇപ്പോള്‍ പേടിപ്പിക്കുന്നത്.
രാത്രി ഏറെ വൈകിയും ഗാഡ്ജറ്റുകളില്‍ നിന്നുള്ള വെളിച്ചവും പുരുഷന്മാരില്‍ ബീജത്തിന്റെ ഗുണം കുറയുന്നതും തമ്മില്‍ ബന്ധമുണ്ടെന്നാണ് വര്‍ച്വല്‍ സ്ലീപ് 2020 മീറ്റിങ്ങില്‍ പുറത്ത് വിട്ടിരിയ്ക്കുന്നത്. വന്ധ്യതയുടെ കാരണങ്ങളെ കുറിച്ചും ചികിത്സയെ കുറിച്ചും മനസ്സിലാക്കുന്നതിനും ആരോഗ്യമുള്ള ബീജത്തെയും പ്രത്യുത്പാദനശേഷിയെയും ഫോണ്‍ റേഡിയേഷന്‍ എങ്ങനെ ബാധിക്കുന്നുവെന്നും കണ്ടെത്താനാണ് പഠനം നടത്തിയത്.

സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലറ്റുകള്‍ എന്നിവയുടെ ഉപയോഗം ബീജചലനത്തെയും ബീജത്തിന്റെ കട്ടിയെയും കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള ഷോര്‍ട്ട് വേവ്‌ലെങ്ത്ത് ലൈറ്റുകളുടെ സാന്നിധ്യം കൂടുതല്‍ നേരിടേണ്ടി വരുന്നത് ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കാന്‍ ഇടയാക്കും. ഇതെല്ലാം പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് ഇടയാക്കുമെന്നും പഠനത്തില്‍ പറയുന്നു.

സ്മാര്‍ട്ട്‌ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ ഡി.എന്‍.എയ്ക്കും തകരാറുണ്ടാക്കും. ഈ കോശങ്ങള്‍ക്ക് സ്വന്തമായി കേടുപാടുകള്‍ തീര്‍ക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം. ഉറങ്ങാന്‍ കിടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ഫോണിന്റെ ഉപയോഗം നിര്‍ത്തുന്നതാണ് ഏറ്റവും മെച്ചപ്പെട്ട കാര്യമെന്നാണ് പഠനത്തില് പറയുന്നത്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ലോക ജനസംഖ്യയുടെ 15 മുതല്‍ 20 ശതമാനം വരയാണ് വന്ധ്യതാ നിരക്ക്. ഇതില്‍ 20 മുതല്‍ 40 ശതമാനം വരെ പുരുഷ വന്ധ്യതയാണ്. ഇന്ത്യയിലാകട്ടെ 23 ശതമാനം പുരുഷന്മാരില്‍ വന്ധ്യതയുണ്ട്.

Exit mobile version