Newsathouse

ചെന്നിത്തല ഹരിപ്പാടുപേക്ഷിച്ചേക്കും; ചങ്ങനാശ്ശേരി കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന സൂചന; ചെന്നിത്തലയ്ക്കായി തിരുവനന്തപുരവും പരിഗണനയില്‍; ശിവകുമാറിനോട് നേമം ആലോചിക്കാന്‍ കെപിസിസി; ‘ഭാവിമുഖ്യമന്ത്രി’യുടെ മണ്ഡലത്തെ കുറിച്ചുള്ള ആലോചനയിലേക്ക് കെപിസിസി നേതൃത്വം

രാഷ്ട്രീയകാര്യലേഖകന്‍

തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം നിയമസഭയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ മുന്നൊരുക്കങ്ങളുമായി യുഡിഎഫ്. വിജയസാധ്യതമുന്‍നിര്‍ത്തി വിശദമായ പഠനത്തിന് ശേഷം കെപിസിസി സീറ്റുകളുടെ പട്ടിക തയാറാക്കി. പ്രാഥമിക പരിഗണന നല്‍കി വിഐപി മണ്ഡലങ്ങള്‍ കണ്ടെത്തി അവയുടെ സാധ്യതകള്‍ നിശ്ചയിക്കുകയെന്നതാണ് ആദ്യ നീക്കം. നേതാക്കളുടെ പട്ടിക തയാറാക്കുമ്പോള്‍ ഗ്രൂപ്പ് വഴക്കുകള്‍ക്കും പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പവും ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് കെപിസിസി നീങ്ങുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യനേതാക്കളെല്ലാം മല്‍സരിക്കാനാണ് സാധ്യത. അതോടൊപ്പം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് സുരക്ഷിതമായ മണ്ഡലം ഏതെന്ന പ്രാഥമിക വിശകലനവും പാര്‍ട്ടി നേതൃത്വം നടത്തി. പഞ്ചായത്ത ്‌തെരഞ്ഞെടുപ്പില്‍ ഹരിപ്പാടുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഹരിപ്പാട് സുരക്ഷിതമണ്ഡലമല്ലെന്ന കണക്കുകൂട്ടലാണ് ഈ ആലോചനയ്ക്ക് കാരണമായത്.

കോണ്‍ഗ്രസ്സിന് ഏറ്റവും സുരക്ഷിതമായതും പ്രതിപക്ഷനേതാവിന്റെ പ്രവര്‍ത്തനകേന്ദ്രവുമായ തലസ്ഥാനത്തെ തിരുവനന്തപുരം മണ്ഡലമാണ് നേതൃത്വം നിര്‍ദ്ദേശിച്ചത്. രമേശ് ചെന്നിത്തലയ്ക്കും ഈ നിര്‍ദ്ദേശം സ്വീകാര്യമാണെന്നാണ് സൂചന. എല്‍ഡിഎഫ് ഘടകക്ഷികള്‍ക്ക് മാറ്റിവയ്ക്കുന്ന മണ്ഡലമാണിത്. കഴിഞ്ഞ തവണ ജനാധിപത്യകേരളകോണ്‍ഗ്രസ്സിന്റെ ആന്റണി രാജുവായിരുന്നു സ്ഥാനാര്‍ത്ഥി. മാത്രമല്ല ന്യൂനപക്ഷവോട്ടുകളും ബിജെപി വിരുദ്ധ വോട്ടുകളും ചെന്നിത്തലയ്ക്ക് അനുകൂലമായി വരുമെന്നാണ് കണക്കൂകുട്ടല്‍. മാത്രമല്ല ബിജെപി രണ്ടാംസ്ഥാനത്തുള്ള മണ്ഡലത്തില്‍ പ്രധാനനേതാക്കളാരെങ്കിലും എന്‍ഡിഎയ്ക്ക് വേണ്ടി രംഗത്തിറങ്ങുമ്പോള്‍ ഇടതുപക്ഷം ചെന്നിത്തലയ്ക്ക് അനുകൂലമായി വോട്ട് മറിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

എന്നാല്‍ സിഎഫ് തോമസിന്റെ മരണവും ജോസ് കെ മണിയുടെ ഇടതുപ്രവേശനവും ഉണ്ടാക്കിയ അനിശ്ചിതത്വത്തെ തുടര്‍ന്ന് ചങ്ങനാശ്ശേരി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ആലോചക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ രമേശ് ചെന്നിത്തല ചങ്ങനാശ്ശേരിയില്‍ മല്‍സരിച്ചാലോ എന്നൊരു നിര്‍ദ്ദേശവും ചിലര്‍ മുന്നോട്ട് വയ്ക്കുന്നു. രമേശ ്‌ചെന്നിത്തലയുടെ വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ ശക്തമായ സ്വാധീനം ചെലുത്തിയ എന്‍എസ്എസിന്റെ പ്രധാനകേന്ദ്രം എന്ന നിലയില്‍ ചങ്ങനാശ്ശേരിയില്‍ മല്‍സരിക്കുന്നത് സഹായകരമാകുമെന്ന പ്രതീക്ഷയും ഈ വിഭാഗത്തിനുണ്ട്. ഇക്കാര്യത്തില്‍ ജി സുകുമാരന്‍ നായര്‍ക്കും താല്‍പര്യമുണ്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ. അങ്ങനെയാണെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റെ പൂര്‍ണപിന്തുണ യുഡിഎഫിനുറപ്പുവരുത്തുകയും ചെയ്യാം. ശബരിമല പ്രശ്‌നത്തിന് ശേഷം ഏറ്റവും ഒടുവില്‍ പഞ്ചായത്ത ്‌തെരഞ്ഞെടുപ്പിലുള്‍പ്പെടെ സുകുമാരന്‍ നായര്‍ ബിജെപിയോട് മൃദുസമീപനം സ്വീകരിക്കുന്നത് അവര്‍ക്ക് സഹായകരമായിരുന്നു. പന്തളത്തും ചങ്ങനാശ്ശേരിയിലും ബിജെപിയുണ്ടാക്കിയ മുന്നേറ്റം അതിന്റെ സൂചനയാണ്. എന്നാല്‍ ചെന്നിത്തല ചങ്ങനാശ്ശേരിയിലിറങ്ങിയാല്‍ അതിനൊരു മാറ്റമുണ്ടാകുമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം കണക്കുകൂട്ടുന്നു.

എന്നാല്‍ തിരുവനന്തപുരം മല്‍സരിച്ചാല്‍ ചെന്നിത്തലയുടെ ശക്തനായ അനുയായി ആയതുകൊണ്ട് വിഎസ് ശിവകുമാറിനെ പെരുവഴിയിലാക്കുന്നതിന്റെ ആശങ്ക ചില ഐഗ്രൂപ്പുകാര്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് നേമത്തേക്ക് ശിവകുമാറിനെ പരിഗണിക്കാന്‍ തീരമാനിച്ചു എന്നാണ് സൂചന. നേമത്തെ ശിവകുമാര്‍ മല്‍സരിക്കുന്നതോടെ ത്രികോണമല്‍സരം ഇല്ലാതാകുകയും ബിജെപിയെ തോല്‍പ്പിച്ച് യുഡിഎഫിന് വിജയിക്കാന്‍ കഴിയുന്ന സാഹചര്യം രൂപപ്പെടുകയും ചെയ്യുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു. എന്നാല്‍ ഹരിപ്പാട് ആരെ മല്‍സരിപ്പിക്കുമെന്ന കാര്യത്തില്‍ ആശങ്ക തുടരുകയാണ്. എന്തായാലും അന്തിമമായ തീരുമാനം കെപിസിസി നേതൃത്വത്തിന്റെയും കൂട്ടായ ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്ന് ഒരു കെപിസിസി ജനറല്‍സെക്രട്ടറി ന്യൂസ് അറ്റ് ഹൗസിനോട് പറഞ്ഞു.

Exit mobile version