Newsathouse

സ്വരാജും റഹീമും പ്രതികളായ കേസുകള്‍ പിന്‍വലിച്ചു; കേസ് പ്രതികളുമായുള്ള സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കുമെന്ന വിചിത്രവാദം; സംഭവസ്ഥലത്ത് ഇവരുണ്ടായിരുന്നോ എന്ന് തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്നും പ്രോസിക്യൂഷന്‍

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇടതുയുവജന സംഘടനകള്‍ നടത്തിിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. 750 ഓളം പേര്‍ പങ്കെടുത്ത സര്‍ക്കാരിനെതിരായ മാര്‍ച്ച് നടത്തിയ 2013 ജൂണ്‍ 25ന്റെ സംഭവവുമായി ബന്ധപ്പെട്ട കേസാണിത്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന എം സ്വരാജ്, ഇപ്പോഴത്തെ പ്രസിഡന്റ് എഎ റഹീം, എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ രാജന്‍, ആര്‍വൈഎഫ് സംസ്ഥാന കമ്മറ്റി അംഗമായിരുന്ന സുധീഷ് എന്നിവരുള്‍പ്പെടെ 11 പേരാണ് പ്രതികളായുണ്ടായിരുന്നത്. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി അനുവദിച്ചു.

750 പേര്‍പങ്കെടുത്ത സംഭവത്തില്‍ പ്രതികളായി പോലീസ് 11 പേരെ മാത്രമേ ചേര്‍ത്തിട്ടുള്ളൂ എന്നും പ്രതികളായി പറയുന്നവര്‍ സംഭവസ്ഥലത്തുണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ തിരിച്ചറിയല്‍ പരേഡ് നടത്തിയിട്ടില്ലെന്നും അതുകൊണ്ട് കേസ് പിന്‍വലിക്കണമെന്നും കേസ് പിന്‍വലിക്കല്‍ അപേക്ഷയില്‍ സര്‍ക്കാര്‍ പറഞ്ഞു.മാത്രമല്ല പ്രതികളുമായുള്ള സൗഹാര്‍ദ്ദാന്തരീക്ഷം നിലനിര്‍ത്താന്‍ കേസ് പിന്‍വലിക്കണമെന്ന വിചിത്രവാദവും ഇതോടൊപ്പം സര്‍ക്കാര്‍ ഉന്നയിച്ചു. ഏഴാംപ്രതി 2017ല്‍ പിഴയൊടുക്കി കേസ് നടപടി അവസാനിപ്പിച്ചിരുന്നു. 2013ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ് 2018ല്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെ കേസ് കൈകാര്യം ചെയ്യുന്നസ്‌പെഷ്യല്‍ കോടതിക്ക് കൈമാറി. 2019ല്‍ ജൂഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

Exit mobile version