Newsathouse

ആര്യന്മാര്‍ക്ക് ആദ്യകാലത്തേ ഇരുമ്പിനെപ്പറ്റി അറിവുണ്ടായിരുന്നോ? ലളിത യുക്തികള്‍ കൊണ്ട് ചരിത്രത്തെ അപനിര്‍മിക്കാമോ? ആദിമ ഇന്ത്യക്കാര്‍ മുന്‍ നിര്‍ത്തി ഒരാലോചന

ശിവകുമാർ.ആർ.പി

ബാഹുകനായി കോലം കെട്ട് അയോദ്ധ്യയിലെ ഋതുപർണ്ണന്റെ കൂടെ, ഇപ്പോൾ കുണ്ഡിനത്തിൽ എത്തിയിരിക്കുന്ന കുതിരക്കാരൻ വാസ്തവത്തിൽ നളനല്ലേ എന്ന് സംശയിച്ചിട്ട് അതിന്റെ സത്യം അറിയാൻ നളനെ അഗാധമായി പ്രണയിക്കുന്ന ദമയന്തി വിശ്വസ്തതോഴിയായ കേശിനിയെ വിട്ടു. അവൾ ചെന്ന് ബാഹുകവേഷധാരിയായ നളനോട് ചില കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞും ചിലതൊക്കെ ഒളിഞ്ഞു നോക്കിയും മനസ്സിലാക്കി, പോയി യജമാനത്തിയോട് പറഞ്ഞത് ഇതാണ്, “വാക്കു കേട്ടിട്ട് ദുഷ്ടനാണെന്ന് തോന്നുന്നില്ല, കള്ളത്തരം ഉണ്ടെന്നും തോന്നുന്നില്ല. പല കാര്യങ്ങളും പറഞ്ഞു. ‘ഫലിതമത്രേ പാർത്തോളം’. മലയാളത്തിന്റെ രീതിയിൽ ‘ഫലിതമത്രേ പാർത്തോളം’ എന്നു വച്ചാൽ, നോക്കിയാൽ എല്ലാം തമാശയാണെന്നാണ്. ഉണ്ണായി വാര്യരുടെ നളചരിതത്തിന്റെ വ്യാഖ്യാനത്തിൽ ഇങ്ങനെ അർത്ഥം പറഞ്ഞവരുണ്ട്. രംഗത്തിൽ അങ്ങനെ തന്നെ അഭിനയിച്ചു കാണിക്കുന്നവരുമുണ്ട്. നമുക്കു തമാശയാണെങ്കിലും ദമയന്തിക്ക് സംഗതി സീരിയസ്സാണ്. ജീവന്മരണപ്രശ്നമാണ്.

ചാരിത്ര്യത്തിന്റെയും വിവാഹത്തിന്റെയും കാര്യമാണ്. അങ്ങനെയാവുമ്പോൾ തോഴി വന്ന് സംഗതി ഒരു തമാശയായിരുന്നു എന്നു പറയുമോ? ഫലിക്കുക എന്ന അർത്ഥത്തിലുള്ള സംസ്കൃതപ്രയോഗത്തിന് ഭാഷയിൽ വന്ന ഒരു പരിണാമമാണ് തമാശയെന്ന അർത്ഥം. ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ ഫലിതം എന്ന വാക്കിന് തമാശയെന്ന അർത്ഥമില്ല. (ശബ്ദതാരാവലിയിൽ ഉണ്ട്) ഫലിക്കുക എന്ന അർത്ഥത്തിൽ ‘സർവം ഫലിതമായന്നു മനോരഥം’ (ഭാഗവതം) തുടങ്ങിയ വരികൾ അദ്ദേഹം ഉദാഹരണമായി കൊടുത്തിട്ടുമുണ്ട്. അക്കാലത്ത് കുറഞ്ഞത് വടക്കൻ കേരളത്തിലെങ്കിലും ആ വാക്കിനു തമാശയെന്ന് അർത്ഥമില്ലായിരുന്നു. ഗുണ്ടർട്ടിനും മുൻപുണ്ടായ ഒരു കൃതിയിൽ നമ്മൾ അറിയാതെ കെട്ടിയേൽപ്പിക്കുകയായിരുന്നു ഫലിതത്തിനു തമാശയെന്ന അർത്ഥം, എന്നല്ലേ അതിന്റെയർത്ഥം?

ഇതുപോലെയൊരു പ്രശ്നം ടോണി ജോസഫ് എഴുതിയ ‘ആദിമ ഇന്ത്യക്കാർ’ എന്ന പുസ്തകത്തിൽ കണ്ടു, ഋഗ്വേദത്തെക്കുറിച്ചുള്ള എം കെ ധവാലിക്കറുടെ നിരീക്ഷണത്തിൽ കുതിരയെപ്പറ്റിയും അയസ്സിനെപ്പറ്റിയുമുള്ള ഭാഗം ഉദ്ധരിക്കുന്നിടത്താണ്. അയസ്സ് ഇപ്പോഴത്തെ കണക്കിൽ ഇരുമ്പാണ്. അങ്ങനെ നോക്കിയാൽ ആര്യന്മാർക്ക് ആദ്യകാലത്തേ ഇരുമ്പിനെപ്പറ്റി അറിവുണ്ടായിരുന്നു എന്നർത്ഥം വരും. പക്ഷേ അവിടെ അയസ് ചെമ്പാണ്. മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ലോഹം. പിന്നീട് ഇരുമ്പ് കണ്ടെത്തിയപ്പോൾ അവർ ‘കൃഷ്ണ അയസ്’ എന്നാണ് അതിനെ വിളിച്ചത്. പിന്നീട് അർത്ഥം മാറി. കറുത്ത ചെമ്പ്, ശരിക്കുള്ള അയസ്സായി. ചെമ്പു വേറെയുമായി. ഭാഷയും ചരിത്രവുമായുള്ള രഹസ്യ ഉടമ്പടികളാണവ.വി വി കെ വാലത്ത് എഴുതിയ ‘കേരളത്തിലെ സ്ഥലചരിത്രങ്ങളെ‘ വിമർശിച്ചുകൊണ്ട് എം ജി എസ് നാരായണൻ സംസാരിക്കുന്ന കൂട്ടത്തിൽ ഇവിടെ വ്യാപകമായി കാണുന്ന പള്ളിയെന്ന സ്ഥലപ്പേരുവച്ച് (പാരിപ്പള്ളി, പള്ളിച്ചൽ, കരുനാഗപ്പള്ളി, പുതുപ്പള്ളി…) ബുദ്ധമതം സാർവത്രികമായി വ്യാപിച്ചിരുന്നു എന്ന് സ്ഥാപിക്കുക ചരിത്രത്തോടു ചെയ്യുന്ന നീതിയായിരിക്കില്ല, കാരണം പള്ളിയെന്ന പ്രാചീന ദ്രാവിഡ വാക്കിന് ചെറുഗ്രാമം, ഗ്രാമം എന്നൊക്കെയാണ് അർത്ഥം എന്നു വിശദീകരിച്ചിരുന്നു. ഇത് കേരളത്തിൽ മാത്രമല്ല, കന്നഡയിൽ ഹള്ളി എന്നും മഹാരാഷ്ട്രയിൽ ഗ്രാമപ്പേരുകളുടെ അവസാനം വരുന്ന വലി/ഒലിയെന്നും രൂപമാറ്റത്തോടെ നിലനിൽക്കുന്ന സംഗതിയാണെന്ന് ‘ദക്ഷിണേന്ത്യയുടെ ഭാഷാപരമായ പുരാവസ്തുശാസ്ത്രം’ എഴുതിയ പ്രൊഫ. ഫ്രാങ്ക്ളിൻ സി സൗത്ത്‌വർത്തിനെ വച്ചുകൊണ്ട് ‘ആദിമ ഇന്ത്യാക്കാരിൽ’ ടോണി ജോസഫ് വിവരിക്കുന്നത് വായിക്കാം. ഹാരപ്പയിൽനിന്നും ദ്രാവിഡജനതയുടെ തെക്കോട്ടുള്ള നീക്കത്തെ വ്യക്തമാക്കുന്ന ഭാഷാപരമായ തെളിവുകളാണവ. ഇതേപോലെ ഭാഷ, ചരിത്രത്തിലെ ചില നിഗൂഢമേഖലകളെ വെളിവാക്കാൻ വിജ്ഞാനികൾ ഉപയോഗിച്ച വിധവും ടോണി ജോസഫിന്റെ പുസ്തകത്തിലുണ്ട്. അവയിൽ കൗതുകകരമായി തോന്നിയ ഒന്ന്, പഴയ സംസ്കൃതനാടകങ്ങളിലും മറ്റും സ്ത്രീകൾ സംസ്കൃതത്തിനു പകരം പ്രാകൃതം സംസാരിക്കണമെന്ന നിഷ്കർഷയാണ്. സ്ത്രീപുരുഷവിവേചനത്തിന്റെയും പുരുഷാധിപത്യത്തിന്റെയുമൊക്കെ പ്രത്യേകതയായിട്ടാണിത് വിശദീകരിക്കപ്പെടുന്നത്. അടുത്തകാലത്ത് ഒരു സ്ത്രീതന്നെ സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയതുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചയിൽ ആർ രാജശ്രീ ഉദാഹരണസഹിതം അതെടുത്തെഴുതുകയും ചെയ്തു. പതിനൊന്നാം നൂറ്റാണ്ടിലുണ്ടായ ‘സരസ്വതീകണ്ഠാഭരണ’മെന്ന (എഴുതിയത് ഭോജരാജാവ്) സാഹിത്യശാസ്ത്രഗ്രന്ഥത്തിലെ അനുശാസനം ഇങ്ങനെയാണ് : “പ്രാകൃതഭാഷ ബലികർമ്മങ്ങൾക്ക് ഉപയോഗിക്കരുത്. സ്ത്രീകളോട് പ്രാകൃതിമാത്രമേ സംസാരിക്കാവൂ. ശ്രേഷ്ഠരോട് കലർപ്പുള്ള ഭാഷകളും, അജ്ഞന്മാരോട് സംസ്കൃതവും പാടില്ല.”ഇതിനു സാമൂഹികശാസ്ത്രപരമായ അടരുണ്ടെന്നാണ് ടോണിജോസഫ് പറയുന്നത്. കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളിൽ സ്ത്രീകൾ മറ്റു ഗോത്രങ്ങളിൽനിന്ന് തട്ടിക്കൊണ്ടു വന്നവരോ ബലാൽ കീഴടക്കിയവരോ അന്യഗോത്രത്തിൽനിന്നുള്ളവരോ ആകാൻ സാധ്യതയുണ്ട്. (അതിനുള്ള ജനിതകശാസ്ത്രതെളിവുകൾ പുസ്തകത്തിൽ അന്യത്ര കൊടുത്തിട്ടുണ്ട്) അന്യഗോത്രവിവാഹം നടത്തിയ ‘ഉന്നതകുലജാതരും ആര്യ’ന്മാരുമായ പുരുഷന്മാരുടേതിൽനിന്ന് വ്യത്യസ്തമായ ആര്യേതരഭാഷാസംസ്കൃതിയിൽനിന്നുള്ളവരെ അന്യരാക്കി നിലനിർത്തിയതിന്റെ ബാക്കിയാണ് ഈ ഭാഷാനിഷ്കർഷ. ഇന്ത്യയിലെ ജാതിയുടെ ഉത്ഭവത്തെക്കുറിച്ച് പറയുന്നിടത്ത് ബി സി ഇ 100 നോടനുബന്ധിച്ച് അദ്ഭുതകരമായ രീതിയിൽ കൂടിക്കലർച്ച നിന്നുപോയതിനെക്കുറിച്ചു വിവരിക്കുന്ന ഒരു ഭാഗവും പുസ്തകത്തിലുണ്ട്. സമൂഹങ്ങൾ ഇടപഴകുമ്പോൾ കൂടിക്കലരുകയാണ് പതിവ്.. നേരെ വിപരീതമായി സംഭവിച്ച അന്തരാളകാലത്തെപ്പറ്റിയാണ്. തങ്ങളിൽനിന്നു വ്യത്യസ്തരായ ‘മറ്റുള്ളവരെ’ മാറ്റിനിർത്താൻ അതിശക്തമായ അധികാരം കർക്കശതീരുമാനമെടുക്കാതെ അതു സാധ്യമാവുകയില്ലല്ലോ. ചരിത്രത്തിൽ അതു സംഭവിച്ചിട്ടുണ്ടെന്ന് ജനതാജനിതകശാസ്ത്രം തെളിവുതരുന്നു.

ജാത്യഭിമാനകൊലയുൾപ്പടെ സമകാലത്തിലേക്കുനീളുന്ന പ്രവണതകളുടെ ജീനുകൾ ത്രസിച്ചുകൊണ്ട് യാത്രതുടങ്ങിയത് നമുക്ക് ഊഹിക്കാനും പറ്റുന്ന കാലത്തിനും അപ്പുറത്തുനിന്നാണെന്നറിയുക ആശാസ്യകരമല്ല, എങ്കിലും അതാണു സത്യം. ഭാഷമാത്രം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന നമ്മളെയും കൂടെക്കൂട്ടി ചരിത്രം എങ്ങനെ വിസ്മയത്തുമ്പത്തെത്തിക്കുന്നു ചില നിമിഷങ്ങളിൽ എന്നാണ് പറഞ്ഞു വന്നത്.

(കടപ്പാട് പുസ്തകക്കൂട്)

Exit mobile version