Newsathouse

ഉടലിലേക്ക് നോക്കുമ്പോള്‍ കടല്‍ മാതിരി’

(ഷീബാ ദില്‍ഷാദിന്റെ കവിതകളെപ്പറ്റി കരുണാകരന്‍ കരുണാകരന്‍ എളമ്പുലാവില്‍ എഴുതിയ കുറിപ്പ്)

Where should we go after the last border?
Where should birds fly after the
last sky?
from ‘Earth Presses against Us’
By Mahmoud Darwish

കവിതയെഴുതുമ്പോള്‍ ഞാനൊരു അഭയാര്‍ത്ഥിയായി മാറുന്നു എന്നു തുടങ്ങുന്ന ഒരു കവിതയുണ്ട് ഷീബാ ദില്‍ഷാദിന്റെ ഈ സമാഹാരത്തില്‍. കവിതയെ തന്റെ ദേശംപോലെ കാണുന്ന ഒരാളെ അത് ഓര്‍ക്കുന്നു.
ദേശവും ഭാഷയും അഭയാര്‍ത്ഥിയുമാകുന്ന ഒരാള്‍ കവിതയില്‍ രാജ്യം വിട്ട ഒരാളെപ്പോലെ അലയുന്നു. ഇത്, ഏതെങ്കിലും വിധത്തില്‍ ഭൂമിശാസ്ത്രമായ ഓരോര്‍മ്മയോ വേര്‍പെടലോ അല്ല, മഹമൂദ് ദാര്‍വിഷിന്റെ കവിതകളില്‍ കണ്ടുമുട്ടുന്നതരത്തില്‍. മറിച്ച്, തന്റെതന്നെ ഒരുപരിചിതത്വത്തെ നേരിടലാണ്. കവിത, ആ സമയം, പാര്‍ക്കുന്ന ഇടംപോലെയാകുന്നു.
ചിലപ്പോള്‍, ഒരു ‘ഷെല്‍ട്ടര്‍’.
അല്ലെങ്കില്‍, അന്യനെ നേരിടാനോ അന്യനെ അവതരിപ്പിക്കാനോ ഒരുമ്പെടുന്ന ഒരാള്‍ ഓരോ വേളയിലും തന്നെത്തന്നെ കണ്ടുമുട്ടുന്നു. കലയുടെകൂടി ഒരാവശ്യമായി പിറന്നതാണ് ആ ‘അന്യന്‍’. പിന്നൊരിക്കല്‍, ആത്മഗതത്തോളം പോന്ന ഒരടുപ്പത്ത്തില്‍ തന്റെ തന്നെ പിളര്‍പ്പിനെ ആ ‘അന്യന്‍’ കലയോടും നമ്മളോടും ചേര്‍ന്ന് നിന്നു : കവിതയുടെ ഇങ്ങനെയൊരു ജീവിതത്തെ നന്നായി അവതരിപ്പിക്കുന്നത് ഇന്ന്, നമ്മുടെ ഭാഷയില്‍, യുവകവികളാണ്.
അവരില്‍ പലരും തങ്ങളുടെ യൌവനത്തെ മനുഷ്യസഹജമായ അനുഭവങ്ങളുടെ പാര്‍പ്പിടമാക്കുന്നു. ഓരോ ദിവസങ്ങളിലെയും ”നിയമലംഘനങ്ങള്‍’ എഴുതുന്നു. കവിതയുടെ ഭാഷയെ അനംലകൃതമായ ഒരു ഗദ്യംകൊണ്ട് പരീക്ഷിക്കുന്നു. ഒരൊറ്റ ജീവിതമേ ഉള്ളൂ എന്നല്ല അവരുടെ കവിത വിശ്വസിക്കുന്നത്; ഈ ഒരൊറ്റ ജീവിതം എന്തുമാത്രം ജന്മങ്ങളുടെ ഓര്‍മ്മയാണ് എന്നാണ് കാണിക്കുന്നത്. ഷീബാ ദില്‍ഷാദിന്റെ കവിതകളുടെയും പൊതുപരിസരം, മലയാളത്തില്‍ ഇന്ന് സജീവമായ, ഇത്തരമൊരു എഴുത്തിന്റെയാണ്.

കവിതയെ സവിശേഷമായ ഒരാവിഷ്‌ക്കാരം എന്ന് ഉയര്‍ത്തുന്നത്, ഒരു പ്രവര്‍ത്തി എന്ന നിലക്ക് അത് ജീവിതത്തിന്റെ സങ്കീര്‍ണ്ണമായ അസ്തിത്വത്തോട് പുലര്‍ത്തിപ്പോരുന്ന ബന്ധമാണ്. ഒരേസമയം അടുപ്പവും അകല്‍ച്ചയും നിലനില്‍ക്കുന്ന ബന്ധമാണത്. സ്വയം നിര്‍വചിക്കുന്ന ഒരകലം അതിലുണ്ട്. ആ അകലം കലക്കും ജീവിതത്തിനും ഇടക്കുണ്ട്. അത് മനസിലാക്കുക എന്ന ഒരവസരമാണ്, അല്ലെങ്കില്‍, കവിയ്ക്കും കവിതയ്ക്കും ഉള്ളത്.
”പക്ഷിയെ കൊത്തിയെടുക്കുന്നതിനുമുമ്പുള്ള ഒരു കല്ലിന്റെ ഓര്‍മ്മ”, ഒരു പക്ഷെ , ഈ കവിതകളുടെ സ്വകാര്യമാണ്. അഥവാ, ഷീബയുടെ കവിതകളുടെ ഒരു പ്രകൃതത്തെ അത് പറയുന്നു. ഭാവിയല്ല, വര്‍ത്തമാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍മ്മകള്‍ ഈ കവിതകളുടെ പ്രമേയങ്ങളാവുന്നു. അത്, ”ഉരുകുന്ന വെയിലില്‍ ഉപമകള്‍ തേടി ഇറങ്ങുന്നു”.
ഒഴുകി കൊണ്ടേയിരിക്കുന്ന ഒന്നിനെ, അതിന്റെ മുഴുവന്‍ എന്ന് തോന്നുന്ന ഒരാകൃതിയെ ചിലപ്പോള്‍ ”ഒരാള്‍” , ഒരു ‘തല’, തകിടം മറിക്കാറുണ്ട്: ഒരാള്‍ ഒരു വലിയ ട്രാഫിക് ജാം ഉണ്ടാക്കുന്ന പോലെയാണത്. ഒരു ‘ഉള്ളടക്കത്തെ” അതിന്റെ ഉള്ളില്‍ നിന്നും തകര്‍ക്കുന്നു, ഒരു വേള, ഒരു ”നിയമസംരക്ഷണ”ത്തെത്തന്നെ. അതുവരെയും ശീലിച്ച ഒരു ‘ഉള്ളടക്ക’ത്തെ അതുവരെയും ഇല്ലാത്ത ഒരു ”രൂപം”കൊണ്ടോ ‘പ്രകൃതം’കൊണ്ടോ നേരിടുന്നു. ചിലപ്പോള്‍ ഇങ്ങനെ :

വെള്ളിമേഘങ്ങള്‍ക്കിടയിലേക്ക്,
പന്തിനൊപ്പം കുതിയ്ക്കുന്നു
പേടമാനുകള്‍,
മരങ്ങളുടെ കൊമ്പുകള്‍ക്കപ്പുറം
മാഞ്ഞു പോകുന്നെങ്ങോ..
ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടില്‍
കറുകപ്പുല്‍ മെത്തയില്‍
മയങ്ങുന്നതു കണ്ടോ,
ശരിക്കും പുള്ളിപ്പുലികള്‍!

കവിതയെ ഭാഷയുടെയും ഭാവനയുടെയും നിയമങ്ങളില്‍ നിന്ന്, ഈ കവിതകളും, പുറത്ത് കടത്തുന്നു. ‘അഴിക്കും നീരിനും രഹസ്യങ്ങളില്ലാത്തതുപോലെ നാഭിച്ചുഴികള്‍ക്കും രഹസ്യങ്ങളില്ല’ എന്ന് വിശ്വസിയ്ക്കുന്നു. പല പ്രമേയങ്ങളിലേക്ക് ഒരൊറ്റ ഉടല്‍കൊണ്ട് ചിതറുന്നു, രൂപങ്ങള്‍ തേടുന്നു. ഷീബയുടെ ‘പറക്കല്‍’ എന്ന കവിതയില്‍ പറയുന്നപോലെ, ‘ഉടലിലേക്ക് നോക്കുമ്പോള്‍ കടല്‍ മാതിരി’ എന്ന് അത്ഭുതങ്ങള്‍ ഒന്നുമില്ലാതെ.

കടല്‍ സമയത്തിന്റെ കലപ്പ്‌നയാണ്. അതിന്റെ ‘വലിപ്പം’ അനന്തമായ ഒന്നിനെ കാംഷിക്കുന്നു.

0
(അവസാനത്തെ ആകാശവും പക്ഷികളും , ഷീബാ ദില്‍ഷാദ് -ന്റെ കവിതാ സമാഹാരത്തിനു എഴുതിയ അവതാരിക – പ്രസാധനം : ലോഗോസ് /പട്ടാമ്പി) ഘീഴീ െജമേേമായശ
കവര്‍: ഗോപികൃഷ്ണന്‍

Exit mobile version