Newsathouse

പതിറ്റാണ്ടിന്റെ ടീമിനെ പ്രഖ്യാപിച്ച് ഐ.സി.സി; മൂന്നുടീമിലും കോഹ്ലി

ലണ്ടന്‍: കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് പതിറ്റാണ്ടിന്റെ ടീമിനെ തിരഞ്ഞെടുത്ത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 ടീമുകളെയാണ് ഐ.സി.സി പ്രഖ്യാപിച്ചത്. മൂന്നു ടീമുകളിലും ഇടംനേടി കോഹ്ലി സമാനതകളില്ലാത്ത നേട്ടം കൈവരിച്ചു.

ടെസ്റ്റ് ടീമില്‍ വിരാട് കോലിയും സ്പിന്നര്‍ ആര്‍.അശ്വിനുമാണ് ഇടം നേടിയിരിക്കുന്നത്. വിരാട് കോഹ്ലി തന്നെയാണ് ടീമിന്റെ നായകന്‍. ഏകദിന ടീമില്‍ രോഹിത് ശര്‍മ, വിരാട് കോലി, എം.എസ്. ധോനി തുടങ്ങി മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. ട്വന്റി 20 ടീമിലും ഏറ്റവുമധികമുള്ളത് ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ്. രോഹിത് ശര്‍മ, വിരാട് കോലി, എം.എസ്.ധോനി, ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യയില്‍ നിന്നും ലോക ഇലവണില്‍ ഇടം നേടിയത്.

ടെസ്റ്റ് ടീമില്‍ ഓപ്പണറായി ഇംഗ്ലണ്ടിന്റെ അലസ്റ്റൈര്‍ കുക്ക്, ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവരെ തെരെഞ്ഞെടുത്തു. മൂന്നാമനായി ന്യൂസിലന്‍ഡ് ടീം നായകന്‍ കെയ്ന്‍ വില്യംസണും നാലാമനായി കോലിയും ഇറങ്ങും. അഞ്ചാമനായി ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും ആറാമനായി ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയും വരും. സംഗക്കാരയാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. ഓള്‍റൗണ്ടര്‍മാരായി ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സും അശ്വിനും ഇടം നേടി. ബൗളിങ് നിരയെ സൗത്ത് ആഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന്‍ നയിക്കും. ഇംഗ്ലണ്ടിന്റെ സ്റ്റ്യുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്‌സണുമാണ് മറ്റ് പേസ് ബൗളര്‍മാര്‍.

ഏകദിന ടീമിനേയും ട്വന്റി 20 ടീമിനേയും നയിക്കുക എം. എസ്. ധോണിയാണ്. വനിതാതാരങ്ങളുടെയും ഏകദിന, ട്വന്റി 20 ടീമുകളേയും പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ ട്വന്റി 20 ലോക ഇലവനില്‍ ഇന്ത്യയുടെ ഹര്‍മന്‍പ്രീത് കൗറും പൂനം യാദവും ഇടം നേടി. വനിതകളുടെ ഏകദിന ടീമില്‍ മിതാലി രാജും ജൂലന്‍ ഗോസ്വാമിയുമാണ് ഇടം നേടിയത്.

Exit mobile version