Newsathouse

സോണിയ വിരമിക്കും; ശരദ് പവാര്‍ കോണ്‍ഗ്രസ് പ്രസിഡന്റായേക്കുമെന്നും അഭ്യൂഹം; നിഷേധിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : കോണ്‍ഗ്രസിലേക്ക് ശരദ് പവാര്‍ മടങ്ങിയെത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍. കോണ്‍ഗ്രസ് താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധി രാഷ്ട്രീയ വിരമിക്കലിന് ഒരുങ്ങുകയാണെന്നും എന്‍ സി പിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ച് ശരദ് പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

നേരത്തെ സോണിയയുടെ നേതൃത്വത്തെ എതിര്‍ത്തുകൊണ്ടാണ് ശരദ് പവാര്‍ എന്‍ സി പി രൂപവത്ക്കരിച്ച് കോണ്‍ഗ്രസ് വിട്ടത്. ദേശീയ രാഷ്ട്രീയത്തിലെ പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃസ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി മടിക്കുകയാണ്. പല തവണ പാര്‍ട്ടി നേതാക്കള്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചിട്ടും വീണ്ടും എ ഐ സി സി പ്രസിഡന്റാകാനില്ലെന്നാണ് രാഹുല്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ മികച്ച ഒരു നേതൃത്വത്തിനായി പാര്‍ട്ടി കാത്തിരിക്കുകയാണ്. മഹാരാഷ്ട്ര രാഷ്ഷ്ട്രീയത്തിലെ കിംഗ് മേക്കറായ ശരദ് പവാറിന് വീണു കിടക്കുന്ന കോണ്‍ഗ്രസിനെ ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുമെന്ന് പലരും വിശ്വസിക്കുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്.

എന്നാല്‍ വാര്‍ദക്യത്തില്‍ നില്‍ക്കുന്ന പവാറിന് പാര്‍ട്ടിക്ക് പുതു ജീവനേകാന്‍ കഴിയുമോയെന്നും ചിലര്‍ സംശയിക്കുന്നു. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് സോണിയ ഗാന്ധി പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയായി ചുമതലയേറ്റത്. ആദ്യഘട്ടത്തിലെ ‘ഇടക്കാല’ കാലാവധി അവസാനിച്ചിട്ടും സോണിയ തന്നെ തുടരുകയായിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിനൊപ്പം യു പി എയെകൂടി നയിക്കേണ്ട ചുമതലയായിരിക്കും പുതിയ അധ്യക്ഷനുണ്ടാകുക. ഈ സാഹചര്യത്തില്‍ യു പി എയിലെ കക്ഷികള്‍ക്കും എന്‍ ഡി എ വിരുദ്ധ കക്ഷികള്‍ക്കുമെല്ലാം സ്വീകാര്യനായ ഒരു വ്യക്തി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് വരുന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് പവാറിന്റെ സാധ്യതയായി ദേശീയ മാധ്യമങ്ങള്‍ പറയുന്നു. രാഹുല്‍ ഗാന്ധിയെപ്പോലെ കോണ്‍ഗ്രസില്‍നിന്നുള്ള യുവ നേതാക്കള്‍ യു പി എ അധ്യക്ഷ സ്ഥാനത്തേക്കു വരുന്നതിനോട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍ തുടങ്ങിയ ശക്തരായ പ്രാദേശിക കക്ഷി നേതാക്കള്‍ അംഗീകരിച്ചെന്ന് വരില്ല. ഈ സാഹചര്യത്തിലാണ് വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള പവാറിലേക്ക് കണ്ണുകള്‍ എത്തുന്നത്.
ശരദ് പവാര്‍ മുന്നില്‍നിന്നു നയിക്കുന്ന നേതാവാണ്. എല്ലാ പാര്‍ട്ടികളുമായും മികച്ച ബന്ധം പുലര്‍ത്തുന്ന വ്യക്തിത്വം. മഹാരാഷ്ട്രയില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി എന്‍ സി പി-ശിവസേന-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയതിന് പിന്നിലെ ബുദ്ധികേന്ദ്രവും പവാറായിരുന്നു. പ്രതിപക്ഷ നിരയിലെ എല്ലാ മുതിര്‍ന്ന നേതാക്കളുമായി പവാറിന് സൗഹൃദമുണ്ട്. പവാര്‍ വിളിച്ചാല്‍ ഏത് പ്രതിപക്ഷ നേതാവിനേയും ഫോണില്‍ ലഭിക്കും. എന്നാല്‍ രാഹുല്‍ ഗാന്ധിയൊക്കെ വിളിച്ചാല്‍ മമത ബാനര്‍ജിയൊന്നും ശരിയായി പ്രതികരിക്കില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Exit mobile version